Wednesday 24 February 2010

പനസം കുരു

രാമേട്ടന്‍ ചെറുപ്പത്തിലേ നാട് വിട്ടതാണ്. കൃത്യമായി പറഞ്ഞാല്‍ പതിനാറാം വയസ്സില്‍. ഇത്തിരി നൊസ്സ് അന്നേ ഉണ്ട്. എന്നാല്‍ ഉപദ്രവമില്ല. പിന്നെ കേട്ടു വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് മൂപ്പര് നക്സലേറ്റായെന്ന്. ഒരു നക്സ‍‍ലേറ്റാവാനുള്ള നൊസ്സ് മൂപ്പര്‍ക്ക് ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരുടെ ഭൂരിപക്ഷ അഭിപ്രായം. പിന്നെ കാലം കുറേ കഴിഞ്ഞാണ് രാമേട്ടനെപ്പറ്റിയുള്ള വിവരം കേള്‍ക്കുന്നത്. തീര്‍ത്ഥാടനത്തിന് എറുപ്പെ ദേശ സമുദായം വക വണ്ടിയില്‍ പോയ സോമന്‍ നായര്‍ രാമേട്ടനെ കണ്ടത്രേ?.യുമുനാ തീരത്ത് രാമേട്ടനെ പോലെ ഒരാള്‍. പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് രാമേട്ടന്‍ നാട്ടിലെത്തിയത്. താടിയും മുടിയും നീട്ടി, കാവി വസ്ത്രവും ധരിച്ച് ആലിന്‍റെ ചുവട്ടിലിരിക്കുന്നു. ആ ഇരിപ്പ് പിന്നെ സ്ഥിരമായി. വര്‍ത്താനം പണ്ടത്തെപോലെ ഇല്ല. പതിവായി ഷാരോടി മാഷിന്‍റെ കടയില്‍ വരും. സംഭാരം വാങ്ങി കുടിക്കാന്‍.
……
ഗോപി നല്ല കമ്യൂണിസ്റ്റുകാരനാണ്. പാര്‍ട്ടി തത്വങ്ങളില്‍ വിശ്വസിക്കുകയും ആ വിശ്വാസ പ്രമാണങ്ങള്‍ അതേ പടി ജീവതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന വ്യക്തി. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങിനേക്കാളും വംശനാശ ഭീഷണി നേരിടുന്ന ഇനം. പോളിറ്റ് ബ്യൂറോയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍‍‍പ്പെടാത്ത കമ്യൂണിസ്റ്റുകാരനാണ്. കല്യാണം കഴിക്കാത്തതിനാല്‍ ഭാര്യയില്ല. ഭാര്യയില്ലാത്തതിനാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായില്ല. ഗോപിയുടെ വാര്‍ഡ് സ്ത്രീ സംവരണമായി പോയി. സാമ്രാജ്യത്വം ഷാരോടി മാഷിന്‍റെ കടയില്‍ വരെ കയറി വന്നതിലെ അസ്വസ്ഥത ഗോപിക്കുണ്ട്. എന്നാലും ഇവിടെ നിന്ന് സംഭാരം വാങ്ങിക്കുടിക്കാന്‍ ഗോപിയും എത്താറുണ്ട്.

സുന്ദരന്‍ എന്നു വിളിക്കുന്ന വിനീത് കുമാറിന് ദേഷ്യം കാരണവന്‍മാരോടാണ്. മരുമക്കത്തായം അവസാനിച്ചെങ്കിലും വീട്ടു പേര് അമ്മയുടേത് തന്നെ. ചാണത്തൊടിയില്‍ എന്ന വീട്ടുപേര് എന്തിന് തനിക്ക് വാലായി തന്നു എന്ന് പലകുറി അവന്‍ അവനോട് തന്നെ ചോദിച്ചിട്ടുണ്ട്. വീട്ടിലെ കാര്‍ന്നമാര്‍ക്ക് അത് അത്രവലിയ പ്രശ്നമല്ല. കാരണം അവരാരും സ്ക്കൂളില്‍ പോയിട്ടില്ല. സ്ക്കൂളില്‍ പോയവനെ ഹാജര്‍ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടം മനസിലാവൂ. തന്‍റെ സങ്കടം മനസിലായിട്ടോ അതോ നാണമായിട്ടോ എന്നറിയില്ല ഈയിടയായി ടീച്ചര്‍ വിനീത് ചാണത്തൊടി എന്ന് വിളിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട് . പക്ഷെ കരുണാകരന് ലീഡര്‍ എന്ന പേര് കിട്ടയപോലെ കുട്ടികള്‍ക്കിടയില്‍ ചാണപ്പൊടി എന്നൊരു പേര് തനിക്ക് കിട്ടിയിട്ടുണ്ട്. കൊട്ടാരം വക മൈതാനത്തെ ഫുട്‍‍ബോള്‍ കളിയും അമ്പലക്കുളത്തിലെ നീന്തിക്കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അനിയനുമായി ഒരു തല്ല് പതിവാണ്. സോപ്പുപെട്ടി ആരു പിടിക്കണം എന്നതാണ് തര്‍ക്കം. റെയില്‍‍വെയില്‍ ജോലിയുണ്ടായത് കൊണ്ട് മാത്രം സിക്ക് ലീവെടുത്ത് വീട്ടിലിരിക്കുന്ന വല്യച്ഛന്‍ മിക്കവാറും വൈകുന്നേരങ്ങളില്‍ ഷാരോടിമാഷിന്‍റെ കടയിലുണ്ടാകും. അന്നേരം സുന്ദരന്‍ എന്ന വിനീതിനും അനിയനും കിട്ടും ഓരോ ഗ്ലാസ് സംഭാരം.
...........
ലോഹിതാക്ഷന്‍ വക്കീലാണ്. ഞായറാഴ്ച്ച വക്കീല്‍ എന്നാണ് നാട്ടുകാര് വിളിക്കുക. കേസില്ലാത്തത് കൊണ്ടല്ല ആ വിളി. അതിന് പിന്നില്‍ ഒരു കഥയുണ്ട്. മദ്യപാനം മാത്രമാണ് വക്കിലിന്‍റെ ഏക ദൗര്‍ബല്യം. കല്യാണം കഴിഞ്ഞതു മുതല്‍ കുടി നിര്‍‍‍ത്തേണ്ടി വന്നു. ഭാര്യാമണിക്ക് കുടിക്കുന്നത് ഇഷ്ടമല്ല. പ്രണയത്തിന്‍റെ മധുരം നുണയുന്ന ആദ്യ കാലങ്ങളില്‍ ഇത്തരത്തില്‍ ഭാര്യാമണിമാരുടെ കെണിയില്‍ പെട്ട് മദ്യപാനം ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ നിരവധിയാണ്. എന്നാല്‍ കുടി നിര്‍ത്തിയ ലോഹി ദുഖിതനും പീഡിതനുമായി കാണപ്പെട്ടു. മധുവിധു കാലമായതിനാല്‍ ഭാര്യാമണിയും ഭര്‍ത്താവിന്‍റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. ഇക്കാലത്താണ് ഏതോ ഒരു വനിതാ മാസികയില്‍ ദിവസേന ഒരു പെഗ്ഗ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് ഭാര്യാമണി വായിച്ചത്. ഭര്‍ത്താവു വക്കീലിനോടുള്ള സ്‍‍നേഹത്താല്‍ ദിവസേന ആരുമറിയാതെ മുറിയിലിരുന്ന് ഒരു പെഗ്ഗ് കുടിച്ചോളാന്‍ ഭാര്യാമണി സമ്മതം നല്‍കി. വക്കീല്‍ അതി സമര്‍ത്ഥനായിരുന്നു. ഭാര്യാഗൃഹത്തില്‍ മദ്യപിക്കുന്ന സല്‍ഗുണന്‍മാര്‍ ഇല്ലാ എന്ന തിരിച്ചറിവ് അദേഹത്തിന് ഉണ്ടായിരുന്നു. പിറ്റേന്ന് ഹാഫ് ബോട്ടില്‍ വിസ്ക്കിയുമായാണ് ലോഹി വക്കീല്‍ എത്തിയത്. ഭാര്യാമണിയോട് ഗ്ലാസും വെള്ളവും എടുത്തുവരാന്‍ പറഞ്ഞു. അവള്‍ എടുത്തുവന്നു. എന്നിട്ട് പറഞ്ഞു.

ചേട്ടാ ഒരു പെഗ്ഗുമാത്രമെ കുടിക്കാവൂ. അതില്‍ കൂടുതലായാല്‍ ആരോഗ്യത്തിന് നന്നല്ല.

മുന്നില്‍ നില്‍ക്കുന്ന കൊലക്കേസ് പ്രതിക്ക് നിരുപാദികം മാപ്പ് നല്‍കണം യുവര്‍ ഓണര്‍ എന്ന് പറയുന്ന നിഷ്കളങ്കതയോടെ തൊണ്ടി മുതലായ ഹാഫ് ബോട്ടില്‍ വിസ്ക്കി പൊക്കി കാണിച്ച് ലോഹി വക്കീല്‍ പറഞ്ഞു.

യുവര്‍ ഓണര്‍ ഭാര്യാമണി, ഇതാണ് ഒരു പെഗ്ഗ്. ഞാന്‍ ഒരിക്കലും ഇതില്‍ കൂടുതല്‍ കഴിക്കില്ല.

ഓഡര്‍.ഓഡര്‍. ഭാര്യാമണി അനുവാദം നല്‍കി. അന്നുമുതല്‍ ലോഹിവക്കീലിന് നല്ലകാലം പിറന്നു. അങ്ങിനെയിരിക്കെയാണ് പ്രതീക്ഷിക്കാതെ ഒരു കേസ് ജയിച്ചത്. സന്തോഷത്തില്‍ മതിമറന്ന വക്കീല്‍ ഭാര്യാമണിക്ക് മുന്നില്‍ ഒരു ദയാഹര്‍ജി നല്‍കി. ഇന്ന് ഒരു ദിവസത്തക്ക് മൂന്ന് പെഗ്ഗ് കഴിക്കാന്‍ അനുവാദം നല്‍കണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അല്‍പ്പ സമയത്തിനകം തന്നെ അനുകൂല വിധിയും വന്നു.

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. ലോഹിവക്കീലും സംഘവും മദ്യത്തില്‍ ആറാടി. കുടിച്ച് കുടിച്ച് ബോധം മറഞ്ഞ് കിടന്നപ്പോള്‍ ഞായറാഴ്ച്ച പുലര്‍ച്ചയായി. പിന്നെ ഒരു ഉറക്കമായിരുന്നു.

ഭാര്യാമണിയുടെ ഉറക്കെയുള്ള വിളി കേട്ടാണ് വക്കീല്‍ ഉണര്‍ന്നത്.
എഴുനേല്‍ക്കൂ മനുഷ്യാ, കോടതിയില്‍ പോകേണ്ടേ.
ഉണരാന്‍ തോന്നുന്നില്ല. ഭയങ്കര തലവേദനയും. പിന്നേയും ഭാര്യാമണി ശല്യപ്പെടുത്തുകയാണ്. കോടതിയില്‍ പോകണ്ടേ എന്ന ചോദ്യം. സഹികെട്ട ലോഹി വക്കീല്‍ ചാടി എഴുന്നേറ്റു. ജീവിതത്തില്‍ ആദ്യമായി കൈനീട്ടി ഭാര്യാമണിക്കിട്ട് ഒന്നു പൊട്ടിച്ചു.

നായിന്‍റെ മോളെ ഞായറാഴ്ച്ച നിന്‍റെ തന്തയുണ്ടോ കോടതിയില്‍ ?

ആ ചോദ്യം നാട്ടുകാരെല്ലാം കേട്ടു.പക്ഷെ ഭാര്യാമണി പറഞ്ഞ ഉത്തരം ലോഹിവക്കീലിന് മാത്രമെ അറിയൂ. അതിനാല്‍ തന്നെ ഇവിടെ എഴുതാന്‍ കഴിയില്ല. പത്തുമിനിറ്റിനകം തൊട്ടപ്പുറത്തെ ഷരോടി മാഷിന്‍റെ കടയില്‍ പോയി ഒരു സംഭാരം വാങ്ങികുടിച്ചപ്പോഴാണ് ലോഹിവക്കീലിന് കാര്യം പിടികിട്ടിയത്. സംഭാരം കുടിച്ചാല്‍ മാത്രമെ ഞായറാഴ്ച്ചയാണോ തിങ്കളാഴ്ച്ചയാണോ എന്ന് സൂക്ഷമം പറയാന്‍ പറ്റു. അന്നു മുതല്‍ ലോഹിവക്കീലും വരും ഷാരോടി മാഷിന്‍റെ കടയില്‍.
സംഭാരം കുടിക്കാന്‍.
.....
നാട്ടിലെ ഏക മുസ്ലീമായ പട്ടിപിടുത്തക്കാരന്‍ ബഷീര്‍ .വായനശാല നടത്തുന്ന ഹരിദാസന്‍. ഭാര്യയേക്കാള്‍ ഉയരം കുറവായതിനാല്‍ തലയുയര്‍ത്തി നടക്കുന്ന മണികണ്ഠന്‍, പ്യൂണ്‍മാഷ് രാഘവേട്ടന്‍, ന്യൂ സോക്കേഴ്സിന്‍റെ ഗോളിയായിരുന്ന അപ്പ, മാരത്തെ വാസുദേവന്‍, ചെണ്ട സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഗണേശന്‍ മാഷ്, എല്‍ഐസി ഏജന്‍റ് മിമിക്രി കുട്ടന്‍, ചാക്യാര് എന്നറിയപ്പെടുന്ന മുരളി , ഭജന മണി തുടങ്ങിയവരാണ് നാട്ടിലെ എടുത്തുപറയേണ്ട താരങ്ങള്‍. ഗള്‍ഫില്‍ പോയി പണിയെടുത്തെങ്കിലും അറബി പറ്റിച്ചതിനാല്‍ പണം കിട്ടാത്ത ടെയ്‍‍ലര്‍ രവി, ടാക്സി ഓടിക്കുന്ന രാജന്‍,ശശി, കൈരളീ ടിവി മാത്രം കാണുന്ന ചായക്കട മുരുകന്‍ തുടങ്ങിയവരേയു മറക്കാന്‍ പാടില്ല. ഇവരും വൈകുന്നേരങ്ങളില്‍ ഷാരോടി മാഷിന്‍റെ കടയിലെത്തും. എല്ലാവരേയും പോലെ സംഭാരം കുടിക്കാന്‍.
........
ഇത്രയും കഥാപാത്രങ്ങള്‍ ഇന്ന് ഒന്നിച്ച് കൂടിയിരിക്കുകയാണ്. ഗൗരവമായ ചര്‍ച്ചയാണ് നടക്കുന്നത്. ഏഴരക്ക് അടുക്കാറുള്ള കട ടെയ്‍ലര്‍ രവി തുറന്നിട്ടിരിക്കുന്നു.
ഷാരോടി മാഷിന്‍റെ വാക്കുകള്‍ വരട്ടുതത്വവാദമാണെന്ന് ഗോപി.
വരട്ടു തത്വവാദമാണ് നല്ലതെന്ന് രാമേട്ടന്‍.
എന്താണ് കാരണമെന്ന് ഭജനമണി.
അത് നീണ്ടുനില്‍ക്കുമെന്നാണ് രാമേട്ടന്‍റെ കണ്ടെത്തല്‍. വിശദമാക്കണമെന്ന് അപ്പ.
ചക്ക വരട്ടുന്നത് എന്തിനാണ്? രാമേട്ടന്‍
കുറേക്കാലം നില്‍ക്കാന്‍. അപ്പ
അതുപോലെ തന്നെ തത്വവാദം വരട്ടിയാല്‍ നീണ്ടു നില്‍ക്കും. അതാണ് വരട്ടുതത്വവാദം. രാമേട്ടന്‍
ഗോപിക്ക് അരിശം വരുന്നു. പ്രത്യയശാസ്ത്രത്തില്‍ തൊട്ടുകളിക്കാന്‍ കാരാട്ടുണ്ണിയെപ്പോലും ഗോപി സമ്മതിക്കാറില്ല. പക്ഷെ ഇവിടെ വിഷയം അതല്ല. ഷാരോടി മാഷിന്‍റെ നിലപാടാണ് ശരിയല്ലാത്തത്.

പട്ടിപിടുത്തക്കാരന്‍ ബഷീര്‍ നിര്‍‍‍ദേശിച്ച പോംവഴി മികച്ചതായിരുന്നു. അതിന്‍‍‍മേല്‍ ചര്‍ച്ച നടത്തി ഷാരോടിമാഷിന്‍റെ മുന്നില്‍ അവതരിപ്പിക്കാം. തത്വത്തില്‍ തീരുമാനമായി. മാഷിനെ കാണാനായി കടയുടെ വലതുവശത്തുള്ള മതിലിനോട് ചേര്‍ന്ന ഗെയ്റ്റ് തുറന്ന് ഈ നിവേദക സംഘം അകത്തുകയറി. വീട്ടില്‍ ഷാരസ്യാരുള്ളതിനാല്‍ പട്ടിയില്ല. കുരയില്ല.

വീട്ടിലേക്ക് വന്നവരെ നോക്കി ഷാരോടി മാഷ് പറഞ്ഞു,
എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. അതിനുവേണ്ടി വന്നവരാണെങ്കില്‍ വെറുതെ മഞ്ഞ് കൊള്ളേണ്ട.
നിവേദക സംഘത്തിന് നിരാശയായി. ഏവരും പിരിഞ്ഞു പോയി. രാമേട്ടന്‍ മാത്രം മുറ്റത്ത് നില്‍ക്കുന്നു.
രാമനും പോകാം. ഷാരോടി മാഷ് പറഞ്ഞു. എന്‍റെ തീരുമാനത്തില്‍ മാറ്റമില്ല.
രാമേട്ടന്‍ ഷാരത്തെ തിണ്ണയില്‍ കയറി ഇരുന്നു.

മരിക്കണതിന് മുന്‍പ് തോട്ടുങ്കലെ ലക്ഷമി എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആര്യങ്കാവിലെ കൂത്ത് കാണാന്‍ പോയ കാര്യം.

രാമാ... ദയനീയമായിരുന്നു ആ വിളി.

ഞാന്‍ എന്തു വേണം. നീ പറ. ഷാരോടി മാഷ്

തീരുമാനം പിന്‍വലിക്കണം. രാമേട്ടന്‍

ശരി എന്നാല്‍ അങ്ങിനെ തന്നെ. ഷാരോടി മാഷ്

കിഴക്കേടത്തെ അമ്മിണിയാണെ സത്യം. രാമേട്ടന്‍

രാമാ... വിളി കൂടുതല്‍ ദയനീയമായി.
സത്യം.. മാഷ് പറഞ്ഞു.

ബോധിവൃക്ഷത്തിന് താഴെ നിന്ന് ഗൗതമന്‍ ഇറങ്ങി വന്നതുപോലെ രാമേട്ടന്‍ ഷാരോടിമാഷിന്‍റെ ഉമ്മറത്തു നിന്ന് ഇറങ്ങി വന്നു. തന്നെ കാത്തുനില്‍ക്കുന്ന നാട്ടുകാരോടായി പറഞ്ഞു.

ഷാരോടി തീരുമാനം മാറ്റി.

ആഹ്ലാദാരവത്താല്‍ നാട്ടുകാര്‍ ചാടിത്തുള്ളി. രാമേട്ടന് ജയ് വിളിച്ചു, ജയ് എന്നത് ഹൈന്ദവ ശബ്ദമായതിനാല്‍ ഗോപി മാത്രം ഏറ്റുവിളിച്ചില്ല.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞുപോയി. നേരം വെളുത്തതോടെ വാര്‍ത്ത നാട്ടില്‍ പടര്‍ന്നു. ഷാരോടി മാഷ് തീരുമാനം മാറ്റിയതിന്‍റേയും അതില്‍ രാമേട്ടന്‍ വഹിച്ച പങ്കും ചര്‍ച്ചാ വിഷയമായി. പക്ഷെ എന്തു പറഞ്ഞാണ് രാമേട്ടന്‍ മാഷിനെ വീഴ്ത്തിയത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

മരം മുറിക്കാരന്‍ മണിയന്‍ രാവിലെയെത്തി. ഷാരോടി മാഷിന്‍റെ ഉമ്മറത്തുള്ള വലിയ വരിക്കപ്ലാവ് വെട്ടിമാറ്റി. ചക്കമുഴുവന്‍ ചെട്ടിയാരുടെ ചെക്കന്‍ കൊണ്ടുപോയി. ഷാരോടി മാഷിന്‍റെ വീട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം ചക്കക്കുരു ഇല്ലാത്ത ഒരു കൂട്ടാനും ഉപ്പേരിയും തയ്യാറായി.

അന്നും വൈകീട്ട് ഏവരും ഷാരോടി മാഷിന്‍റെ കടയില്‍ ഒത്തുകൂടി. കൂടുതല്‍ സമയം സംസാരിച്ചിരുന്നു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്ലാവ് മുറിക്കാന്‍ തയ്യാറാകാതിരുന്ന ഷാരോടി മാഷ് തീരുമാനം മാറ്റിയതില്‍ല്‍ ഏവരും സന്തോഷിച്ചു. പിന്നെ അതേ സന്തോഷത്തോടെ പിരിഞ്ഞു.

സംഭാരവും കുടിച്ച്.

അവസാനമിറങ്ങിയത് രാമേട്ടനാണ്. ഒരു ശ്ലോകം ചൊല്ലിയാണ് രാമേട്ടന്‍ പടിയിറങ്ങിയത്.
ഷാരോടി ശ്രദ്ധിച്ചില്ലെങ്കിലും സന്തുഷ്ടയായ ഷാരസ്യാര്‍ അതിന് കാതോര്‍ത്തു.
ഭും ഭും പരിമളം നാസ്തി
ഇറുക്കിപിടിച്ചു വിട്ടീടില്‍ കൂടെക്കൂടെ മണത്തിടും
അലറിയാല്‍ ആപത്തില്ലൊട്ടും
നിശബ്ദം പ്രാണസങ്കടം.....

11 comments:

  1. അമ്പലക്കുളത്തിലെ നീന്തിക്കുളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അനിയനുമായി ഒരു തല്ല് പതിവാണ്. സോപ്പുപെട്ടി ആരു പിടിക്കണം എന്നതാണ് തര്‍ക്കം.

    ഇത് എന്റെം അനിയന്റെം സ്ഥിരം എടവാടായിരുന്നു...
    :)

    ReplyDelete
  2. സതീഷേ..
    ഇഷ്ടായിട്ടോ ഈ എഴുത്ത്..

    -സുല്‍

    ReplyDelete
  3. പാവം ഷാരോടിമാഷ്.. :)

    എഴുത്തിഷ്ടായി മഷേ... :)

    ReplyDelete
  4. കൊണ്ടു- അഥവാ കൊള്ളാലോന്ന്---

    ReplyDelete
  5. നന്നായിട്ടുണ്ട്..

    ReplyDelete
  6. പട്ടി പിടുത്തക്കാരന്‍ ബഷീര്‍ രണ്ടാമാതായപ്പോഴേക്കും ഹംസ ആയി. ഒന്ന നോക്കൂ.
    -സു-

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete
  8. വന്നു, ഇനിയും വരാം.

    ReplyDelete