Tuesday 23 February 2010

ചിത്രം പതിഞ്ഞിരിക്കുന്നു.

രാത്രി പന്ത്രണ്ടു മണി വരെ സിനിമ കണ്ടിരിക്കും. അതു കഴിഞ്ഞാല്‍ ചീയ്യാരത്തെ വല്യച്ഛന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങി ഒറ്റ നടത്തം. എത്ര കിലോമീറ്റര്‍ ഉണ്ട് എന്നറിയില്ല. എന്നാലും ആ രാത്രിയില്‍ ചേട്ടന്‍മാരോടും അനിയന്‍മാരോടും കൂടെ നടക്കാന്‍ ഒരു രസമാണ്. വര്‍ത്തമാനം പറഞ്ഞാണ് നടപ്പ്. കൂടുതല്‍ സിനിമാ കാര്യങ്ങളാണ്. അക്കാലത്ത് കണ്ട സിനിമകളുടേയും സിനിമാ വാരികകളില്‍ നിന്ന് കിട്ടിയ വാര്‍ത്തകളേയും പറ്റി പറയും. വൈഡ് റിലീസിംങ്ങ് ഇല്ലാത്ത കാലമാണ്. തൃശ്ശൂരില്‍ നിന്ന് മാറിയാലെ ഗുരുവായൂരോ, കുന്നംകുളത്തോ സിനിമ വരിക. അവിടെ നിന്ന് മാറിയിട്ട് വേണം മറ്റത്തും, ചൊവ്വല്ലൂര്‍പടിയിലും കേച്ചരിയിലും സിനിമ വരാന്‍. എന്നിട്ട് വേണം അത് കാണാന്‍. അന്ന് സിഡി കണ്ടുപിടിച്ചിട്ടില്ല. ഉണ്ടെങ്കിലും കേട്ടറിവില്ല.

നടന്ന് നടന്ന് തൃശ്ശൂര്‍ റൗണ്ടിലെത്താറാകുമ്പോഴേക്കും ജനസമുദ്രമായിരിക്കും മുന്നില്‍. പിന്നെ നടന്ന് ബുദ്ധിമുട്ടേണ്ട. ആ ഒഴുക്കില്‍ നിങ്ങിയങ്ങ് പോകാം. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത യുഗമാണ് അത്. പക്ഷെ ഞങ്ങള്‍ ഒരിക്കലും കൂട്ടം തെറ്റാറില്ല. സ്വരാജ് റൗണ്ടില്‍ കയറി കഴിഞ്ഞാല്‍ പിന്നെ നല്ല സ്ഥലം നോക്കി ഒരു നടത്തമാണ്. ആദ്യമെ മൂക്ക് ഒന്ന് നന്നായി വിടര്‍ത്തും. ശ്വാസം ഉള്ളിലേത്ത് വലിക്കും. ആനപ്പിണ്ടത്തിന്‍റെ മണം കിട്ടാനാണ്. ആനപ്പിണ്ടത്തിന് ആനച്ചൂരാണ്. നാറ്റമല്ല. അതൊരു ലഹരി പിടിപ്പിക്കുന്ന മണമായിരുന്നു. ആനപ്പിണ്ടം കണ്ടാല്‍ അതില്‍ ചെറുതായി ഒന്ന് ചവിട്ടാനും ശ്രമിക്കും. ആനപ്പിണ്ടത്തില്‍ ചവിട്ടിയാല്‍ കഷണ്ടി വരില്ല എന്നാണ് വിശ്വാസം. മുടിവെപ്പുകാരുടെ പരസ്യം ടിവിയില്‍ വന്നു തുടങ്ങാത്ത കാലമാണ്. അതിനാല്‍ കഷണ്ടി വരാതിരിക്കാന്‍ പലപ്പോഴും ഈ ടെക്നിക്ക് പരീക്ഷിക്കും. ഇനി ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിക്കും. എങ്ങും ആണുങ്ങള്‍. ചുരുക്കം ചില പെണ്ണുങ്ങള്‍ മുന്നിലും പിന്നിലും അംഗരക്ഷകരായ ബന്ധുക്കളുമായി പോകുന്നത് കാണാം. എത്ര ബന്ധുക്കളുണ്ടെങ്കിലും അവരാരും കാണാതെ പെണ്ണുങ്ങളുടെ ചന്തിക്ക് പിടിക്കുന്ന മിടുക്കന്‍മാരേയും കാണാം. ഇത്രയും നീളമുള്ള സ്വരാജ് റൗണ്ടിന്‍റെ നീളം മതിയാവാത്തവരേയും നീളം അളക്കുന്നവരേയും കാണാം. നല്ല കട്ടി മീശവച്ച ചേട്ടന്‍മാരെ നോക്കി തേന്‍ നുകരുന്ന ചില വണ്ടുകളേയും കാണാം. റൗണ്ടിന് ചുറ്റുമുള്ള കെട്ടിടങ്ങളുടെ മുകളില്‍ കസേരയില്‍ കയറി കാലുനീട്ടിയിരിക്കുന്ന പണക്കാരും അവിടെ കാണുന്ന പെണ്ണുങ്ങളെ താഴെ നിന്ന് നോക്കി കമന്‍റടിക്കുന്നു പൂവാലന്‍മാരും. ആകെപ്പാടെ ഒരു ബഹളം. ഈ ബഹളത്തിന് മാറ്റുകൂട്ടി വിസിലുകളുടെ ശബ്ദമാണ്. വിവിധ താളത്തില്‍ വിസില്‍ വിളിക്കുന്നവര്‍. ഓടക്കുഴല്‍ ഊതുന്നവര്‍. ഓടയുടെ അറ്റത്ത് ബലൂണ്‍ കെട്ടി ഊതുന്നു. അപ്പോഴും ശബ്ദം . അത് കഴിഞ്ഞ് ആ വായു പുറത്തേക്ക് പോകുമ്പോഴും ശബ്ദം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം അതായിരുന്നു. ഇവിടെ എത്തിയ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു കാഴ്ച്ചക്കായാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട്.

ചാനലുകള്‍ തല്‍സമയം കാണിക്കാത്ത പ്രാകൃത യുഗത്തില്‍ നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയതാണ് ഞങ്ങളും. റൗണ്ടില്‍ എംജി റോഡിനടുത്തായി പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്‍റെ ഒരു കെട്ടിടമുണ്ട്. അതിനടുത്തായി സ്ഥലം പിടിച്ചു. തൊട്ടു മുന്നില്‍ നില്‍ക്കുന്ന ഒരമ്മാവന്‍ വെടിക്കെട്ടുകളുടെ ചരിത്രം വിവരിക്കുകയാണ്. ശ്രോതാക്കളുടെ കൂട്ടത്തില്‍ ഞങ്ങളും കൂടി. അവിടെ നിന്നാണ് നെന്മാറ- വല്ലങ്ങി, ഉത്രാളിക്കാവ്, പറക്കോട്ടുകാവ് വെടിക്കെട്ടുകളെപ്പറ്റിയും അതിന്‍റെ കേമത്തെകുറിച്ചും മനസിലാക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടും പാവറട്ടി പള്ളി വെടിക്കെട്ടും മാത്രമാണ് ഞങ്ങള്‍ കേട്ടിട്ടുള്ള വലിയ വെടിക്കെട്ടുകള്‍. പക്ഷെ പാവറട്ടിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവിടെ ബന്ധുക്കളില്ല.

മണിക്കൂറുകള്‍ കടന്നു പോയി. പലരും ഉറക്കത്തിലേക്ക് ചാഞ്ഞുതുടങ്ങി. അമ്മാവന്‍ കാരണവര്‍ പറയുന്നു. ഇപ്പോള്‍ തുടങ്ങും വെടിക്കെട്ട്. നിന്ന സ്ഥലത്തു നിന്നും റൗണ്ടിലെ വേലിക്കരികിലേക്ക് നീങ്ങി. മിനിറ്റുകള്‍ക്കകം വെടിക്കെട്ടിന് തീ കൊളുത്തി. പൊട്ടിപൊട്ടി വെടി അരികിലേക്ക് വരും തോറും ഞങ്ങള്‍ യാന്ത്രികമായി പിന്നോട്ട് നീങ്ങിത്തുടങ്ങി. കൂട്ടപ്പൊരിച്ചില്‍ ആയപ്പോഴേക്കും ഞങ്ങള്‍ ചുമരിനോട് ചേര്‍ന്ന് നിന്നിരുന്നു. പിന്നീട് അടുത്ത സെറ്റിന്‍റെ വെടിക്കെട്ട്. അതിന്‍റെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്നിടത്തേക്ക് ഓടി. അതു ഇതേ വിധത്തില്‍ ആസ്വദിച്ചു.

പിന്നീടാണ് ആകാശത്ത് കാഴ്ച്ചയുടെ വസന്തം തീര്‍ത്ത് അമിട്ടുകള്‍ പൊട്ടിവിരിയുക. വിവിധ നിറങ്ങളിലും തരങ്ങളിലുമുള്ള അമിട്ടുകള്‍ മത്സരിച്ച് പൊട്ടി വിരിയും. തിരുവമ്പാടിയുടെ അമിട്ട് അഞ്ച് നില പൊട്ടിയാല്‍ ഉടനെ പാറമേക്കാവുകാര്‍ ആറ് നില അമിട്ട് പൊട്ടിക്കും. അന്ന് ചൈനക്കാര്‍ ഇത്ര സജീവമല്ലാത്തതു കൊണ്ട് അമിട്ടിനൊക്കെ നല്ല ശബ്ദവും ഉണ്ടായിരുന്നു. വിശാലമായ ആകാശത്ത് പൊട്ടിവിരിയുന്ന ആ അമിട്ടുകളുടെ ഭംഗി ഞങ്ങള്‍ കണ്ണിലൊപ്പിയെടുത്തു. അപ്പോള്‍ സിനിമാ തീയ്യേറ്ററില്‍ കാണുന്ന ചെറിയ സ്ക്രീനായിരുന്നില്ല മുന്നില്‍. ആകാശം എന്ന ഏറ്റവും വലിയ സ്ക്രീന്‍. ആ കാഴ്ച്ച ഞങ്ങള്‍ ക്യാപ്ച്ചര്‍ ചെയ്തു. കണ്ണുകള്‍ കൊണ്ട്. അടുത്ത ഒരു വര്‍ഷം വരെ അത് ഞങ്ങളുടെ കണ്ണിനുള്ളില്‍ സേവ് ചെയ്യപ്പെടും. ഡിലീറ്റ് ആവില്ല. അടുത്ത വര്‍ഷം കണ്ടാല്‍ ആ വെടിക്കെട്ട് നിലവിലെ ഫയലുകളെ മോഡിഫൈ ചെയ്യും. കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ആയുസ്സിന്‍റെ സുഖം ആ കാഴ്ച്ച നല്‍കും.

ഉറക്കം ശരിയാകാത്തതിനാലാണ് ഇതൊക്കെ ഓര്‍ത്തത്. എത്രയോ കാലത്തിന് ശേഷം നാളെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കാണാന്‍ പോകുകയാണ്. മനസില്‍ പണ്ടത്തെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓടിയെത്തുന്നു. നേരം വെളുത്തു. ഇരുട്ടി. മകനുമായി വെടിക്കെട്ടുകാണാന്‍ ഇറങ്ങി. അഞ്ചു വയസുകാരനായ അവന് വലിയ താല്‍പര്യമാണ് വെടിക്കെട്ടു കാണാന്‍. ഭാഗ്യം ഇന്നത്തെ കാലത്തെ കുട്ടികള്‍ ഇതിലൊക്കെ താല്‍പര്യം കാണിക്കുന്നുണ്ടല്ലോ. മകന്‍ കൂട്ടം തെറ്റി പോയാലോ എന്ന് ഭാര്യക്ക് പേടിയുണ്ട്. എന്നാലും അത്ര വലിയ ഭയമില്ല. കാരണം അവന്‍റെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്. റൗണ്ടിലേക്ക് കയറുമ്പോള്‍ മൂക്ക് മുഴുവനുമായി ഒന്നു വിടര്‍ത്തി. ആനപ്പിണ്ടത്തിന്‍റെ മണത്തിനായി. എന്നാല്‍ വിവിധ ബ്രാന്‍റിലുള്ള മദ്യത്തിന്‍റെ സമ്മിശ്ര ഗന്ധമാണ് മുക്കിലേക്ക് കയറി വന്നത്. ഒരു മനംപുരട്ടല്‍ ഉണ്ടാക്കുന്ന ഗന്ധം. കളിപ്പാട്ടങ്ങളുടെ ശബ്ദത്തിനായി കാതോര്‍ത്തു. അവിടെ കേള്‍ക്കാന്‍ കഴിഞ്ഞത് മൊബൈല്‍ ഫോണുകളുടെ നിലക്കാത്ത റിംങ്ങ് ടോണുകളായിരുന്നു. വലിയ ശബ്ദത്തില്‍ പാടുന്നു ഒരു ഫോണ്‍. സംശയമില്ല ഇവന്‍ ചൈന തന്നെ.
റൗണ്ടില്‍ താഴെ നിന്ന് വെടിക്കെട്ടു കാണാന്‍ പറ്റിയില്ല. കാരണം ഒരു കെട്ടിടത്തിന്‍റെ മുകളില്‍ സുഹൃത്ത് സീറ്റ് ഒപ്പിച്ചു തന്നു. മകനേ അടുത്തിരുത്തി കാഴ്ച്ചയുടെ പൂരത്തിനായി കാത്തിരുന്നു.

സമയം അടുക്കും തോറും എന്തോ ഒരു വികാരം ശരീരത്തിലൂടെ പാഞ്ഞു പോയി. അതിന്‍റെ പേരെനിക്ക് അറിയില്ല. മകനോട് വെടിക്കെട്ടിന്‍റെ മാഹാത്മ്യം പറഞ്ഞു കേള്‍പ്പിച്ചു. നെന്‍മാറ –വല്ലങ്ങി, ഉത്രാളിക്കാവ്, പറക്കോട്ടുകാവ്. അവന് അതിലൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് തുടങ്ങാത്തതില്‍ അവന് നിരാശയുണ്ടായിരുന്നു. അത് പലതവണ എന്നോട് പറയുകയും ചെയ്തു.

കാത്തിരിപ്പിന് വിരാമമായി വെടിക്കെട്ട് തുടങ്ങി. പഴയ ശബ്ദമില്ലെങ്കിലും തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് വെടിക്കെട്ടു തന്നെ. രണ്ടു വിഭാഗങ്ങളുടേയും കൂട്ടപ്പൊരിച്ചിലിന് ശേഷമാണ് ഞാന്‍ മകനെ നോക്കിത്. വളരെ സന്തോഷവാനായിരിക്കുന്നു അവന്‍. പിന്നീട് ആകാശത്ത് അമിട്ടുകള്‍ പൊട്ടി വിരിയുന്നു. അതിന്‍റെ മനോഹാരിത കണ്ണുകളില്‍ ഒതുക്കുമ്പോഴാണ് കൂടെയുള്ള സുഹൃത്ത് പുറത്ത് തട്ടിയത്.
എന്തേ ? ഞാന്‍ ചോദിച്ചു.
“വേഗം മൊബൈലില്‍ റെക്കോഡ് ചെയ്‍‍തോളൂ. ഇപ്പോള്‍ തീരും”. അവന്‍ പറഞ്ഞു.
കാഴ്ച്ചയുടെ സുഖത്തെ മുറിച്ച അവനോടുള്ള നീരസം പ്രകടിപ്പിക്കാതെ ചുറ്റും നോക്കി. ശരിയാണ് അവനെ കുറ്റം പറയാന്‍ വയ്യ. കാരണം എന്‍റെ ചുറ്റുമുള്ള എല്ലാവരും വെടിക്കെട്ടു കാണുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. ആകാശം എന്ന വിശാലമായ സ്ക്രീനിലേക്ക് നോക്കാതെ കൈയ്യിലുള്ള ഇലക്ട്രോണിക്ക്സ് ഉപകരണത്തിന്‍റെ അഞ്ച് സെന്‍റിമീറ്റര്‍ വലിപ്പമുള്ള സ്ക്രീനിലൂടെ കാഴ്ച്ച കണ്ട് രസിക്കുന്നവര്‍. കാഴ്ച്ചകള്‍ അവര്‍ ക്യാപ്ച്ചര്‍ ചെയ്യുന്നത് ഫോണിലേക്ക്. എപ്പോള്‍ വേണമെങ്കിലും കറപ്റ്റായി പോകാവുന്ന മെമ്മറി കാര്‍ഡിലേക്ക്.

ഞാന്‍ എങ്ങും നോക്കി. എവിടെയും നടക്കുന്നത് ഇതു തന്നെ. മെഗാ പിക്സല്‍ ക്യാമറയുടെ ഗുണത്തെ പറ്റിയും എടുത്ത ഫോട്ടോയുടെ ചന്തത്തെ പറ്റിയും വര്‍ണ്ണിക്കുന്നവര്‍. വെടിക്കെട്ടിന് പുറം തിരിഞ്ഞു നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നവര്‍.

കഷ്ടം. ഞാന്‍ മനസില്‍ പറഞ്ഞു. പെട്ടന്നാണ് എനിക്ക് മകനെ കുറിച്ചുള്ള ചിന്ത വന്നത്. അവനെ നോക്കി. ഭാഗ്യം മൊബൈല്‍ ക്യാമറിയിലല്ല അവന്‍റെ കണ്ണ്. അവന്‍ എന്നെയാണ് നോക്കുന്നത്. ആ കണ്ണില്‍ വലിയ സങ്കടം എനിക്ക് കാണാനായി.
എന്തുപറ്റി മോനെ? ഞാന്‍ ചേദിച്ചു.
അച്ഛനോട് ഞാന്‍ മിണ്ടില്ല. അവന്‍ പറഞ്ഞു.
എന്തു പറ്റി. പറയടാ.
അച്ഛനോട് ഞാന്‍ എത്ര തവണ പറ‍ഞ്ഞു. ഒരു എന്‍ 97 വാങ്ങിത്തരാന്‍. അതില്‍ 32 ജിബി കൊള്ളും. ഇതില്‍ ആകെ 2 ജിബിയെ ഉള്ളൂ. അത് ഫുള്ളായി.
അവന്‍റെ ദീനസ്വരം എന്നിലെ പിതാവിനെ അലട്ടി. ഞാന്‍ അവനോട് ചെയ്തത് വലിയ തെറ്റാണ്. തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് പോകുമ്പോള്‍ ചുരങ്ങിയത് ഒരു 32 ജിബി മെമ്മറിയുള്ള ഫോണെങ്കിലും കൊടുക്കണമായിരുന്നു.
പിറ്റേ ദിവസം ഞാന്‍ ഒരു എന്‍ 97 വാങ്ങി അവന് കൊടുത്തു.

ആഗോളവല്‍ക്കരണത്തിന്‍റെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയാണ്. ലോകം ചുരുങ്ങുകയാണ്. പക്ഷെ അതിന്‍റെ കൂടെ കാഴ്ച്ചകളും ചുരുങ്ങുന്നു. ആകാശത്തിന്‍റെ നീലിമയില്‍ നിന്നും മൊബൈലിന്‍റെ ശോണിമയിലേക്ക്.

പുതിയതായി കിട്ടിയ ഫോണുമായാണ് അവന്‍ എന്‍റെ കൂടെ പൂരപ്പറമ്പിലേക്ക് വന്നത്. തൃശ്ശൂര്‍കാരുടെ പുരം ശരിക്കും അന്നാണ്. രണ്ടാം ദിവസം. ഉപചാരം ചൊല്ലി ദേവിദേവന്‍മാര്‍ പിരിയുന്ന കാഴ്ച്ച ഞാന്‍ കാണവേ മകന്‍ എന്നോട് പറഞ്ഞു.

അച്ഛാ ഒന്നിങ്ങോട്ട് നോക്കൂ.

പാറമേക്കാവ് ചന്ദ്രശേഖരനേയും എന്നേയും ഒരേ ഫ്രെയ്മില്‍ ഒതുക്കി ഒരു ഫോട്ടോക്കായി അവന്‍ ശ്രമിക്കുന്നു.

അച്ഛാ, ഒന്നു ചിരിച്ചേ. അവന്‍ ക്യാമറ ക്ലിക്ക് ചെയ്തു.

അതില്‍ പതിഞ്ഞ പടം കാണാന്‍ എനിക്കും താല്‍പര്യമുണ്ടായിരുന്നു.

ഇതില്‍ അച്ഛന്‍ ചിരിക്കുകയാണോ അതോ കരയുകയോ? മകന് ആശയക്കുഴപ്പം.

മകനേ അതു തന്നെയാണ് എനിക്കും അറിയാത്തത്. ഞാന്‍ മനസില്‍ പറഞ്ഞു.

അച്ഛാ ദേ നോക്കൂ ഇത് നല്ല ഭംഗിയുണ്ടല്ലേ?.

വടക്കുംനാഥനെ അഭിവാദ്യം ചെയ്യുന്ന ഗജവീരന്‍മാര്‍. മനോഹരമായ കാഴ്ച്ച. ഒരു നിമിഷം ചിന്തിച്ചു ഞാന്‍.

പിന്നെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണെടുത്തു.
ചില കാഴ്ച്ചകള്‍ ചെറുതായി കാണുമ്പോഴും ഒരു സുഖമുണ്ട്. വടക്കുംനാഥനും കരിവീരന്‍മാരും ഒരു സ്ക്രീനില്‍.
ക്ലിക്ക്......
നോക്കിയക്ക് സ്തുതി. ചിത്രം പതിഞ്ഞിരിക്കുന്നു.
ശേഷം.... Switch off!
………………………………………………

4 comments:

  1. ഈ ത്രിശ്ശൂക്കാരൊക്കെ പൂരഭ്രാന്തന്മാരാണല്ലേ? പഴയ ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോയതിന് നന്ദി.

    ReplyDelete
  2. ഇരുപതുവർഷം മുൻപത്തെ തൃശ്ശൂപ്പൂരംരാത്രി യഥാതഥമായി, സത്യമായി വിവരിച്ചിരിക്കുന്നു!
    നേർത്തുനേർത്തുപോയ ആ പിണ്ടച്ചൂരും മാഞ്ഞുമാഞ്ഞുപോയ ആ പടക്കപ്പുകയും ഒരുപക്ഷേ എന്നെന്നേക്കുമായി സേവുചെയ്തുവെച്ചിട്ടുണ്ടാവുന്നത് നമ്മെപ്പോലെയുള്ള ഒരു തലമുറ ഓർമ്മപ്പുറ്റുകളിൽ മാത്രമായിരിക്കാം.

    ReplyDelete
  3. പഴയകാല ഓര്‍മകളും ഈ ആധുനിക ചിന്താഗതികളും സമിശ്രമായി അവതരിപ്പിച്ചത് വളരെ നന്നായി തോന്നി

    ReplyDelete