Monday 22 February 2010

കെആര്‍ നാരായണന്‍ മുതല്‍ കൊച്ചിന്‍ ഹനീഫ വരെ

നവംബര്‍ 9 2005. സമയം ഉച്ചയോടടുക്കുന്നു. ഷെഡ്യൂള്‍ പ്രകാരം വാര്‍ത്ത വായിക്കേണ്ടത് മായാ ശ്രീകുമാര്‍. അതിനായി തയ്യാറായിക്കൊണ്ട് അവര്‍ സ്റ്റുഡിയോയിലേക്ക് പോകുന്നു. അപ്പോഴാണ് ദില്ലിയില്‍ നിന്നും ഒരു വാര്‍ത്ത വരുന്നത്. കേരളത്തിന്‍റെ പ്രിയ പുത്രനും ഇന്ത്യയുടെ 10മത് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ അന്തരിച്ചു. ന്യൂസ് ഡസ്ക്കിലെ ജോലിയും കഴിഞ്ഞ് റൂമിലേക്ക് പോകാനായി നില്‍ക്കവെയാണ് ഈ വാര്‍ത്ത വരുന്നത്. ഞാന്‍ വാര്‍ത്തകളുടെ ലോകത്ത് വീണ്ടും സജീവമായി. പെട്ടന്ന് ആരെങ്കിലും വാര്‍ത്ത വായിക്കണം. ന്യൂസ് എഡിറ്റര്‍ പറയുന്നു. മായച്ചേച്ചി പതവുപോലെ നല്ല പകിട്ടേറിയ വേഷമാണ് ധരിച്ചിട്ടുള്ളത്. ഞാനാകട്ടെ ഒരു വെളള ഷര്‍ട്ടാണ് വേഷം. ദുഖവാര്‍ത്തയല്ലേ. വെള്ള ഷര്‍ട്ടിട്ട് വായിക്കുന്നത് നന്നാകും എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ത്തകള്‍ വായിക്കാന്‍ സ്റ്റുഡിയോയിലേക്ക് ഓടിക്കയറി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതി എന്നതിലുപരി എന്‍റെ എംപിയായിരുന്നു. അദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നേരിട്ട് കണ്ട ഓര്‍മ്മ എനിക്കുണ്ട്. ഒന്നിലധികം തവണ അദേഹത്തെ കാണാനും കഴിഞ്ഞിട്ടുണ്ട്. മനസില്‍ അതൊക്കെ ഓടിയെത്തി. വാര്‍ത്ത തുടങ്ങി. ദില്ലിയില്‍ നിന്നും അയ്യപ്പദാസ്. പതിവുപോലെ ഞാന്‍ ചോദിച്ചു.
ദാസ് എന്താണ് മരണവാര്‍ത്തയുടെ വിശദാംശങ്ങള്‍.
അതുവരെ കേള്‍ക്കാത്ത ഒരു വിശദാംശമാണ് ഞാന്‍ അന്ന് കേട്ടത്.

സതീഷ്.. കെ.ആര്‍ നാരായണന്‍റെ നില ഗുരുതരമായി തുടരുകയാണ്. അദേഹം അന്തരിച്ചിട്ടില്ല. ഭൂമി പിളര്‍ന്ന് താഴേക്ക് പോയാല്‍ മതി എന്ന അവസ്ഥ. കാരണം ഞാന്‍ തൊട്ടുമുന്‍പ് ലോകത്തെ അറിയിച്ചതാണ് . കെ ആര്‍ നാരായണന്‍ മരിച്ചു എന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ അദേഹം മരിച്ചിട്ടില്ല എന്ന് അറിയുന്നു. വാര്‍ത്ത വായിച്ച ഞാന്‍ മരിച്ചിരുന്നു.

അന്ന് വൈകീട്ട് അഞ്ചേ മുക്കാലോടെ കെ,ആര്‍ നാരായണന്‍ ശരിക്കും മരിച്ചു.
.........................................
2010 ഫെബ്രുവരി രണ്ടാം തിയ്യതി. കൊച്ചിന്‍ ഹനീഫ മരിച്ചു എന്ന എസ് എംഎസ് കണ്ടാണ് എന്‍റെ ദിവസം പുലരുന്നത്. ഓടിച്ചെന്ന് ടിവി വച്ചപ്പോള്‍ കണ്ടത് അമ്മയുടെ പ്രസിഡന്‍റും പ്രമുഖ നടനുമായ ഇന്നസെന്‍റ് കൊച്ചിന്‍ ഹനീഫയെ അനുസ്മരിക്കുന്നത്. പല്ലുതേച്ച് തിരിച്ചു വന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ബാനര്‍ വലിപ്പത്തില്‍ ചാനലുകളില്‍ വന്ന ഫ്ലാഷ് ന്യൂസ് കാണുന്നില്ല. പകരം തിരുവനന്തപുരത്ത് ഉണ്ടായ കെട്ടിട അപകടത്തിന്‍റെ വാര്‍ത്ത. എല്ലാ ചാനലും മാറ്റി നോക്കി. ആരും കൊച്ചിന്‍ ഹനിഫ മരിച്ച വാര്‍ത്ത കാണിക്കുന്നില്ല്. അഞ്ച് മിനിറ്റു മുന്‍പ് ഈ ചാനലുകള്‍ എല്ലാം ഈ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരുന്നു.

പിന്നീട് കണ്ടു ചെറിയ ഒരു ഫ്ലാഷ്. കൊച്ചിന്‍ ഹനീഫയുടെ നില അതീവഗുരുതരം. ഞാന്‍ കെ.ആര്‍ നാരായണനെ ഓര്‍ത്തു. ഒരു നിമിഷം ഓര്‍ത്തു. എന്നും കൊച്ചിന്‍ ഹനീഫയെ കണ്ടാല്‍ എനിക്ക് ചിരിവരുമായിരുന്നു. അദേഹം മരിച്ചിട്ടില്ല. തിരിച്ചു വന്ന് എന്‍റെ ചാനലില്‍ ഒരു അഭിമുഖം നല്‍കുന്നത് ഒരു നിമിഷം സ്വപ്നം കണ്ടു.

സന്തോഷം അധികനേരം നീണ്ടില്ല. വൈകീട്ടോടെ അദേഹവും ശരിക്കും മരിച്ചു.
...............................
വാര്‍ത്ത എന്നാല്‍ എന്താണ് എന്ന ജേര്‍ണലിസം കോഴ്സിന്‍റെ ആദ്യ ക്ലാസില്‍ കേട്ട ചോദ്യമാണ് ഓര്‍മ്മ വരുന്നത്. വാര്‍ത്തക്ക് പല വ്യാഖ്യാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇന്ന് മാറിയിരിക്കുന്നു. ഇന്ന് വാര്‍ത്ത എന്നത് ഏറ്റവും ആദ്യം ആര് നല്‍കുന്നു അതാണ്. അതില്‍ തെറ്റെന്നോ ശരിയെന്നോ ഇല്ല. വാര്‍ത്ത രണ്ടാമത് നല്‍കുന്നവന്‍ പരാജയപ്പെട്ടവന്‍. ആദ്യം നല്‍കുന്നവന്‍ വിജയി. ഇതാണ് ഫ്ലാഷ് ന്യൂസ് സംസ്ക്കാരം.

ഒരു സ്ഥലത്ത് നടന്ന പത്രസമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ ആരാണ് ആദ്യം നല്‍കുന്നത് . അവനാണ് പലപ്പോഴും മികച്ച ജേര്‍ണലിസ്റ്റ്.
ഇവിടെ രണ്ടാമതൊന്ന് പരിശോധിക്കാന്‍ പല ചാനല്‍ പ്രവര്‍ത്തകരും മെനക്കെടുന്നില്ല. ഒരു അപകടം നടന്നാല്‍ അതിന്‍റെ കാരണവും മരിച്ചവരുടെ കൂടുതല്‍ വിവരങ്ങളുമല്ല ഇന്ന് നമുക്ക് പ്രധാനം. ആരാണ് ആദ്യം ആ ദുരന്തത്തിന്‍റെ ചിത്രങ്ങള്‍ കാണിക്കുക എന്നതാണ്. ഇത് ‍ഞങ്ങളാണ് ആദ്യം കാണിച്ചതെന്ന് അവകാശപ്പെടാനും പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബാനര്‍ വലിപ്പത്തില്‍ ഫ്ലാഷ് ന്യൂസ് കാണിച്ച ചാനലുകള്‍ അതേ വലിപ്പത്തില്‍ മാപ്പ് പറയാറില്ല. മാപ്പ് ചെറിയ വാക്കുകളില്‍ ഒതുക്കാറാണ് പതിവ്,

ഇന്ന് ഒരു ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടസ്സം ഒരു കൂട്ടരാണ്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍. സഹായത്തിനായി കേഴുന്നവനെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ചില സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍. അപകടം നടന്നാല്‍ ആ സ്ഥലത്തു നിന്ന് ചാനലുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന നാട്ടുകാരുമുണ്ട്. ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സംസാരിക്കുന്ന അതേ ശൈലിയിലാണ് ഇവരും സംസാരിക്കുന്നത്.

വാര്‍ത്തകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും എന്നത് ശരിതന്നെ. എന്നാല്‍ സമൂഹം തന്നെ വാര്‍ത്തകളെ സ്വാധീനിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മൂന്നാറും, കയ്യേറ്റവും മറ്റ് അഴിമതികളും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന മിടുക്കന്‍മാരായ മാധ്യമപ്രവര്‍ത്തകരും ചാനലുകളും സജീവമായുള്ള കേരളത്തില്‍ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ ഫ്ലാഷ് (ന്യൂസുകള്‍ )എന്താണ് എന്ന കാര്യത്തില്‍ ഒരു പുതിയ നയം മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ദുബായ് പോലെയുള്ള ഒരു നഗരത്തിലിരുന്ന് എനിക്ക് ഇതെഴുതാം. കാരണം ഇവിടെ എനിക്ക് ഫ്ലാഷ് ന്യൂസുകള്‍ ഇല്ല. ഇവിടെ ഉള്ളതാകട്ടെ ഇ.എം അഷറഫും ചന്ദ്രകാന്തും ജോയ് മാത്യുവും പിന്നെ ഇ സതീഷും . അവരുടെ കുറേ ഫാക്സ് ന്യൂസുകളും.

16 comments:

  1. ഒരു ലോകസുന്ദരിയെ ഇത് പോലെ ഞാനും കൊന്നു. 10 വര്‍ഷത്തെ തൊഴില്‍ ജീവിതത്തില്‍ ഒരു അരുംകൊല. പിന്നീടെഴുതണം

    സതീഷിന്റെ കുറിപ്പിന് നല്ല ഒഴുക്ക്. ഗള്‍ഫ് റൌണ്ടപ്പില്‍ എനിക്ക് വായിക്കാന്‍ തരുന്ന സ്ക്രിപ്പ്റ്റ് പോലെ തന്നെ

    ReplyDelete
  2. സതീഷേട്ടാ... ഇതിലും കൈ വച്ചോ!!! ;)
    എന്തായാലും ഭാവുകങ്ങള്‍!!

    ReplyDelete
  3. അപ്പോള്‍ അങ്ങിനെയാണല്ലെ!

    പുതിയ ബ്ലൊഗ് സംരംഭത്തിന് ആശംസശകള്‍

    ReplyDelete
  4. അവസരോചിതമായ ഓര്‍മ്മക്കുറിപ്പ്..

    ബൂലോകത്ത് കണ്ടതില്‍ സന്തോഷം...

    കൂടുതല്‍ ഇത്തരം അനുഭവങ്ങള്‍ ഞങ്ങള്‍ക്കായ് പങ്കു വയ്ക്കുക..

    ReplyDelete
  5. കാമറാ മാന്‍ ഒപ്പമില്ലാത്ത സതീഷും കൊള്ളാം കെട്ടോ. ഇവിടെയൊക്കെ കാണണേ....:)

    ആശംസകള്‍

    ReplyDelete
  6. സതീഷിലെ എഴുത്തുകാരന്‍ നന്നായിരിക്കുന്നു...........ഇനിയും തുടരുക...................എല്ലാ ഭാവുകങ്ങളും......... ദീപ

    ReplyDelete
  7. Can I assume that this is a part of your film script

    ReplyDelete
  8. ക്യാമറാമാന്‍ കൂടെയില്ലാതെ.. :)
    ഇഷ്ടായീ..

    ReplyDelete
  9. A new vision from a news person....
    really thought provoking....just go on....
    waiting for the next blog
    Rajeev kodampally

    ReplyDelete
  10. നിങ്ങളെ പോലെയുള്ള മാധ്യമ പ്രവര്‍ത്തകരെങ്കിലും ഇത് തുറന്നെഴുതിയത് നന്നായി. എല്ലാ ഭാവുകങ്ങളും.
    കെ.പി വിലാസ്
    അജ്മാന്‍

    ReplyDelete
  11. കൊന്നും കൊലവിളിച്ചും ചാനലുകാരിങ്ങനെ...

    കൊള്ളാം ഏറ്റു പറച്ചില്‍.
    -സുല്‍

    ReplyDelete
  12. കൊച്ചിന്‍ ഹനീഫ മരിച്ച ദിവസം പോലെ തന്നെയായിരുന്നു നാറ്റന്‍ മുരളിയുടെ മരണ ദിവസവും... ചിലപ്പോഴൊക്കെ ഇത് വല്ലാത്ത ക്രൂരതയാവാറുണ്ട്.

    സതീഷിന്റെ വാര്‍ത്ത അവതരണം പോലെ എഴുത്തും മനോഹരം. നല്ല ഒഴുക്ക്.

    ReplyDelete
  13. ഹ ഹ ഹ .

    ദശാവതാരത്തിലെ കമലഹാസനെപ്പോലെ സിറ്റിസണ്‍ ജോര്‍ണ്ണലിസ്റ്റുകളെക്കൊണ്ട് തട്ടിയും മുട്ടിയും വഴിനടക്കാന്‍ പറ്റാതായിരിക്കുന്നു.മൊബൈല്‍ ഫോണ്‍ ക്യാമറയും കടന്ന് പൊതുജനം ഇപ്പൊള്‍ ജബ്ബാരി ഡ്രൈവില്‍ വരെ എത്തിയിരിക്കുന്നു.

    നമ്മുടെയൊക്കെ കാര്യം കട്ടപ്പൊകയാകുമോ മകനേ സതീശാ.....

    ReplyDelete
  14. Best wishes for your blog and happy to know that you are a product Sree Krishna College, Guruvayur. Best Wishes

    ReplyDelete